Alienum phaedrum torquatos nec eu, vis detraxit periculis ex, nihil expetendis in mei. Mei an pericula euripidis, hinc partem.

ശ്രീമതി. കെ. കെ. ശൈലജ ടീച്ചർ

കേരള സർക്കാർ നേട്ടങ്ങൾ / ശ്രീമതി. കെ. കെ. ശൈലജ ടീച്ചർ

ഉയരുന്ന ആരോഗ്യം പുലരുന്ന സാമൂഹികനീതി

 

 

ആര്‍ദ്രം മിഷന്‍
സര്‍ക്കാരാശുപത്രികളെ ജനസൗഹൃദമാക്കി മികച്ച സേവനം ഒരുക്കിവരികയാണ്. സേവനങ്ങളുടെ മികവ് വര്‍ധിപ്പിക്കുക, ചികിത്സാചെലവ് കുറയ്ക്കുക എന്നിവയ്‌ക്കൊപ്പം രണ്ടാം തലമുറ രോഗങ്ങളുയര്‍ത്തുന്ന വെല്ലുവിളികള്‍ക്ക് പരിഹാരമായി ആര്‍ദ്രം മിഷന് രൂപം നല്‍കി.
ആര്‍ദ്രം ദൗത്യത്തില്‍ കേരളം 2020 ലും 2030 ലും നേടേണ്ട ഹ്രസ്വകാല, ദീര്‍ഘകാല സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പൊതുജനാരോഗ്യ സംരക്ഷണത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള ആരോഗ്യ സംവിധാനത്തിന്റെ പരിപൂര്‍ണ പരിവര്‍ത്തനമാണ് ആര്‍ദ്രം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി പ്രാഥമികതലം മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള എല്ലാ ആശുപത്രികളിലും മികച്ച സൗകര്യമൊരുക്കുകയാണ് ആര്‍ദ്രം ദൗത്യത്തിന്റെ ലക്ഷ്യം.
ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയിരുന്നു.
രണ്ടാം ഘട്ടത്തില്‍ 504 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാനായി തെരഞ്ഞെടുത്തത്.
പ്രകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനായി ആരോഗ്യ ജാഗ്രത കര്‍മപരിപാടി നടപ്പിലാക്കി.
പ്രളയം
പ്രളയാനന്തരം പകര്‍ച്ചവ്യാധി ദുരന്ത നിവാരണത്തില്‍ ഫലപ്രദമായി ഇടപെടാന്‍ ആരോഗ്യ വകുപ്പിന് സാധിച്ചു.
സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ഡിസാസ്റ്റര്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കുകയും ആവശ്യാനുസരണം ജീവനക്കാരെ നിയോഗിച്ചും മറ്റ് സാങ്കേതിക സഹായങ്ങള്‍ ഒരുക്കിയും അവശ്യമരുന്ന് വിതരണം നടത്തിയും മാലിന്യ നിര്‍മാര്‍ജനം, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഏകോപിപ്പിച്ചും പൊതുജനാരോഗ്യ സംരക്ഷണം നടത്താന്‍ കഴിഞ്ഞു.
ആശുപത്രികളുടെ നവീകരണം
താലൂക്ക് ആശുപത്രികള്‍ നവീകരിക്കുന്നതിനായി ക്യാഷ്വാലിറ്റിയും വാര്‍ഡുകളുമെല്ലാം നവീകരിച്ചു വരുന്നു.
44 താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകള്‍ അനുവദിച്ചു.
ഒന്നാം ഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 24 താലൂക്ക് ആശുപത്രികളുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
ജില്ലാ ആശുപത്രികള്‍ നവീകരിക്കുന്നതിന്റെ ഭാഗമായി ആധുനിക മാസ്റ്റര്‍പ്ലാനുകള്‍ തയ്യാറാക്കി.
എറണാകുളം, കണ്ണൂര്‍ ജില്ലാ ആശുപത്രികളില്‍ കിഫ്ബി മുഖേന 76 കോടി രൂപ വീതം അനുവദിച്ചു.
എല്ലാ ജില്ലാ ആശുപത്രികളിലും കാര്‍ഡിയോളജി, ന്യൂറോളജി, നെഫ്രോളജി എന്നീ സൂപ്പര്‍ സ്‌പെഷ്യാലിറ്റി തസ്തികകളുണ്ടെന്ന് ഉറപ്പു വരുത്താന്‍ തീരുമാനിക്കുകയും 10 ആശുപത്രികളില്‍ കാത്ത് ലാബ് അനുവദിക്കുകയും ചെയ്തു. അവ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനം നടന്നു വരുന്നു.
മെഡിക്കല്‍ കോളേജുകള്‍ മികവിന്റെ കേന്ദ്രങ്ങള്‍
മെഡിക്കല്‍ കോളേജുകളെ മികവിന്റെ കേന്ദ്രമാക്കാനുള്ള പ്രവര്‍ത്തനം തുടങ്ങി. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ തുക അനുവദിച്ചു.
അത്യന്താധുനിക ഉപകരണങ്ങളും വാങ്ങി നല്‍കി. ഇതുകൂടാതെ മെഡിക്കല്‍ കോളേജുകളുടെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്ന മുറയ്ക്ക് കിഫ്ബിയില്‍ നിന്നും പണം അനുവദിപ്പിച്ച് വലിയ മാറ്റം ഉണ്ടാക്കുന്നതിനാണ് തുടക്കം കുറിക്കുന്നത്.
കളമശേരി മെഡിക്കല്‍ കോളേജിന് 350 കോടി അനുവദിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് 717 കോടിയുടെ പ്ലാന്‍ അംഗീകരിക്കുകയും ആദ്യഗഡുവായി 58 കോടി രൂപ നല്‍കുകയും ചെയ്തു. മറ്റ് മെഡിക്കല്‍ കോളേജുകളുടെ വിശദമായ പ്ലാന്‍ തയ്യാറാക്കി വരുന്നു.
ഗവേഷണവും പഠന നിലവാരവും മെച്ചപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറ്റുകയാണ് ലക്ഷ്യം.
രോഗീസൗഹൃദ ഒ.പി. കൗണ്ടറുകള്‍
രോഗികളുടെ നീണ്ട ക്യൂ ഒഴിവാക്കുന്നതിന് രോഗീ സൗഹൃദ ഒ.പി. കൗണ്ടറുകള്‍ സ്ഥാപിച്ചുകൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
ഇ-ഹെല്‍ത്ത്
ആരോഗ്യ വിവരങ്ങള്‍ കമ്പ്യൂട്ടര്‍വത്കരിച്ച് ഇ-ഹെല്‍ത്ത് രജിസ്‌ട്രേഷന്‍ നടത്തി വരുന്നു. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ മാര്‍ച്ച് മാസത്തോടെ ഇ-ഹെല്‍ത്ത് പദ്ധതി പ്രവര്‍ത്തനസജ്ജമാക്കും.
ഒ.പി. രജിസ്‌ട്രേഷന്‍ മുതല്‍ രോഗീ പരിശോധനയും ചികിത്സാക്രമങ്ങളും ഭരണനിര്‍വഹണവും ഉള്‍പ്പെടെ സമഗ്ര മേഖലകളിലെയും പ്രവര്‍ത്തനങ്ങള്‍ സംയോജിതമായ ഒരു സോഫ്റ്റ്‌വെയര്‍ സിസ്റ്റം മുഖേന ക്രോഡീകരിച്ച് ശാസ്ത്രീയവും ഫലപ്രദവുമായ പുനരുപയോഗത്തിന് സജ്ജമാക്കി ഉപയോക്താക്കള്‍ക്ക് ആയാസ രഹിതവും രോഗീ സൗഹൃദവുമായ ചികിത്സ ഉറപ്പാക്കുകയാണ് ഇ-ഹെല്‍ത്തിലൂടെ ചെയ്യുന്നത്.
അശ്വമേധം
കുഷ്ഠരോഗ നിര്‍മാര്‍ജനത്തിനായി അശ്വമേധം എന്ന പേരില്‍ സംസ്ഥാനവ്യാപകമായി ക്യാമ്പയിനുകള്‍ സംഘടിപ്പിച്ചു. ക്ഷയരോഗമുക്ത കേരളത്തിനായി ഊര്‍ജിത കര്‍മപദ്ധതികള്‍ ആരംഭിച്ചു. ക്ഷയരോഗമുക്തമായ എന്റെ കേരളം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള സംഘടിത കര്‍മപദ്ധതിക്കാണ് രൂപം നല്‍കിയത്.
അമൃതം ആരോഗ്യം
ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധം ലക്ഷ്യമിട്ട് അമൃതം ആരോഗ്യം, പക്ഷാഘാത ചികിത്സാ പദ്ധതി, ജനസംഖ്യാ ജീവിതശൈലി രോഗ നിര്‍ണയ പരിപാടി, ഇന്ത്യാ ഹൈപ്പര്‍ടെന്‍ഷന്‍ മാനേജ്‌മെന്റ് ഇനിഷ്യേറ്റീവ്, കണ്ടിന്യൂയസ് ആംബുലേറ്ററി പെരിറ്റോണിയല്‍ ഡയാലിസിസ്, നയനാമൃതം (ഡയബറ്റീസ് റെറ്റിനോപ്പതി), ഡയബറ്റിക് ഫുട്ട് ക്ലീനിക്, പുകയില വിമുക്തിക്കുള്ള സെന്റര്‍, ക്യാന്‍സര്‍, അഭയം, സെക്കന്ററി പാലിയേറ്റീവ് കെയര്‍, വയോജന ആരോഗ്യം, സമ്പൂര്‍ണ മാനസിക ആരോഗ്യവും ആശ്വാസം ക്ലിനിക്കും, ശ്വാസ് ക്ലിനിക് തുടങ്ങിയവ ആവിഷ്‌കരിച്ചു.
ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്
ആയുഷ് രംഗത്തും മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാനായി. അന്താരാഷ്ട്ര നിലവാരത്തിലുള്ള ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് കണ്ണൂര്‍ ജില്ലയിലെ കല്ല്യാട് വില്ലേജില്‍ 311.76 ഏക്കര്‍സ്ഥലം കണ്ടെത്തി. ഈ പദ്ധതി നടപ്പാക്കുന്നതിനുള്ള വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി വരികയാണ്.വിവിധ ആയുഷ് വിഭാഗങ്ങളെ ഏകോപിപ്പിച്ച് അന്തര്‍ദേശീയ ആയുഷ് കോണ്‍ക്ലേവ് തിരുവനന്തപുരത്ത് നടന്നു.
സാമൂഹികനീതി വകുപ്പ്
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സാമൂഹികനീതി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ സാമൂഹിക സുസ്ഥിരതയ്ക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ഫലവത്താക്കി മാറ്റി. ഈ ലക്ഷ്യത്തിന്റെ ഭാഗമായാണ് സാമൂഹ്യിക നീതി വകുപ്പിനെ വിഭജിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ഒരു പ്രത്യേക വകുപ്പ് കൂടി രൂപീകരിച്ചത്. ദുര്‍ബല വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കി സമൂഹത്തെയാകെ സാമൂഹിക സുരക്ഷാ ശൃംഖലയില്‍ കൊണ്ടുവരിക എന്നതിനാണ് ഈ സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നത്. സാമൂഹിക ക്ഷേമ പരിപാടികളും സേവനങ്ങളും കുറ്റമറ്റ രീതിയിലും കാര്യക്ഷമമായും നിര്‍വഹിക്കാനായി സാമൂഹിക നീതി വകുപ്പിന്റേയും വനിതാശിശു വികസന വകുപ്പിന്റേയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്തുന്നതിനുള്ള കര്‍മപരിപാടികളാണ് ഇപ്പോള്‍ നടന്നു വരുന്നത്.
ദേശീയ വയോശ്രേഷ്ഠ സമ്മാന്‍ പുരസ്‌കാരം
വയോജനങ്ങള്‍ക്കായി സംസ്ഥാന സാമൂഹിക നീതി വകുപ്പ് നടപ്പാക്കിയ വയോമിത്രം പരിപാടികള്‍ക്ക് ദേശീയ വയോശ്രേഷ്ഠ സമ്മാന്‍ പുരസ്‌കാരം ലഭിച്ചു. സായംപ്രഭ, വയോമിത്രം തുടങ്ങിയ പദ്ധതികള്‍ വയോജനങ്ങള്‍ക്ക് വളരെയധികം പ്രയോജനമാണ് ലഭിക്കുന്നത്. ജില്ലകളില്‍ 14 മാതൃകാ പകല്‍വീടുകള്‍ നിര്‍മിക്കും. വയോമിത്രം പദ്ധതി നഗരസഭാ, മുനിസിപ്പാലിറ്റി കളില്‍ നടപ്പിലാക്കി വരുന്നു. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ബ്ലോക്കുകളിലേക്കും പദ്ധതി വ്യാപിപ്പിച്ചു വരികയാണ്.
വയോജനങ്ങളുടെ ക്ഷേമത്തിനായി അലര്‍ട്ട് സിസ്റ്റം, ഹെല്‍പ് ലൈന്‍, കോള്‍ സെന്റര്‍ എന്നിവ തുടങ്ങും. വയോജനങ്ങളുടെ പ്രയാസങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വര്‍ഷത്തില്‍ രണ്ട് ഗ്രാമസഭകള്‍ വിളിച്ചു കൂട്ടും. സര്‍വീസ് പെന്‍ഷന്‍ പോലെ വാര്‍ധക്യകാല പെന്‍ഷനും എല്ലാ മാസവും ഒന്നാം തീയതി ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ധനകാര്യ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജീവിതനിലവാരം ഉയര്‍ന്ന ആളുകള്‍ക്കായി പെയ്ഡ് ഓള്‍ഡ് ഏജ് ഹോം തുടങ്ങും.
സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന് ദേശീയ അവാര്‍ഡ്
ഭിന്നശേഷി സമൂഹത്തെ മറ്റേതൊരു ജനവിഭാഗത്തേയും പോലെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിച്ച് സ്വയം പര്യാപ്തരാക്കുക എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം ഫലപ്രാപ്തിയിലേക്ക് എത്തുകയാണ്. ഭിന്നശേഷിക്കാര്‍ക്ക് വ്യത്യസ്ത സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും സംസ്ഥാനത്തെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പദ്ധതികള്‍ മുന്‍നിര്‍ത്തി ദേശീയ പുരസ്‌കാരം ലഭിച്ചു. എന്‍.എച്ച്.എഫ്.ഡി.സി.യുടെ ചാനലൈസിംഗ് ഏജന്‍സി എന്ന നിലയിലാണ് സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന് അവാര്‍ഡ് ലഭിച്ചത്.
16 വര്‍ഷം കൊണ്ട് ഏകദേശം 25 കോടി രൂപയായിരുന്നു സ്വയം തൊഴില്‍ വായ്പയായി നല്‍കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് വായ്പാ മേളകള്‍ ഉള്‍പ്പെടെ സംഘടിപ്പിച്ച് 15 കോടി രൂപ വായ്പയായി നല്‍കാന്‍ കഴിഞ്ഞു എന്നത് വലിയ നേട്ടമാണ്.
ഭിന്നശേഷിക്കാര്‍ക്ക് എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നാല് ശതമാനം ജോലി സംവരണം ഏര്‍പ്പെടുത്തി.
ട്രാന്‍സ്‌ജെന്‍ഡര്‍ നയം
ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സമസ്ത മേഖലകളിലും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുതകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സാമൂഹികനീതി വകുപ്പ് പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യയില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കായി നയം നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. ട്രാന്‍സ്‌ജെന്‍ഡര്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് വിപുലമായ ആക്ഷന്‍പ്ലാന്‍ തയ്യാറാക്കുകയും വ്യക്തിഗത ക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തു. ഇവര്‍ക്കായി സാമൂഹികനീതി ഡയറക്ടറേറ്റില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സെല്‍ രൂപീകരിച്ചു.
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് മറ്റുള്ളവരെപ്പോലെ സ്വന്തം കാലില്‍ നില്‍ക്കുന്നതിന് പുതിയ സ്വയംതൊഴില്‍ സംരംഭം ആരംഭിക്കാന്‍ ധനസഹായം നല്‍കും. ഒരാള്‍ക്ക് പരമാവധി മൂന്നു ലക്ഷം രൂപവരെ സബ്‌സിഡി നിരക്കില്‍ വനിതാ വികസന കോര്‍പ്പറേഷന്‍ മുഖേന വായ്പ നല്‍കും.
വനിതാ ശിശു വികസന വകുപ്പ്
വനിതാ ശിശുവികസന വകുപ്പ് രൂപീകരിച്ച് കുറച്ചുനാള്‍ കഴിയുന്നതിന് മുമ്പ് വനിതകളുടേയും കുട്ടികളുടേയും ക്ഷേമത്തില്‍ വളരെ ദൂരം മുന്നോട്ട് പോകാനായി. സ്ത്രീകളെ സംബന്ധിച്ച് വളരെയധികം വെല്ലുവിളി നേരിട്ട വര്‍ഷം കൂടിയായിരുന്നു കടന്നുപോയത്. സ്ത്രീ ശാക്തീകരണ#ം ലക്ഷ്യമിട്ട് സ്ത്രീധനം, ഗാര്‍ഹിക പീഡനം, ലൈംഗികാതിക്രമങ്ങള്‍ തുടങ്ങിയവയ്‌ക്കെതിരെ രണ്ടു വര്‍ഷത്തെ തുടര്‍ ക്യാമ്പയിന്‍ ‘സധൈര്യം മുന്നോട്ട്’ സംഘടിപ്പിച്ചു വരുന്നു.
ആര്‍ത്തവത്തിന്റെ പേരില്‍ സമൂഹത്തില്‍ സ്ത്രീകളെ അകറ്റി നിര്‍ത്തിയപ്പോള്‍ സധൈര്യം മുന്നോട്ട് ക്യാമ്പയിന്‍ ശക്തിപ്പെടുത്തി. കൂടാതെ ഈ വകുപ്പിന്റെ നേതൃത്വത്തില്‍ 50 ലക്ഷത്തോളം വനിതകളെ അണിനിരത്തി വനിതാ മതിലും സംഘടിപ്പിച്ചു.
സംസ്ഥാനത്തെ മഹിളാമന്ദിരങ്ങള്‍, ഷെല്‍ട്ടര്‍ ഹോമുകള്‍ തുടങ്ങിയവ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി ആവിഷ്‌കരിച്ചു. എല്ലാ നിര്‍ഭയ ഹോമുകളിലും ജീവിതനൈപുണ്യ പരിശീലനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.

വനിതകള്‍ക്ക് കൂടുതല്‍ ലോണ്‍ ലഭ്യമാക്കുന്നതിന് കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷന് 40 കോടി രൂപയുടെ സര്‍ക്കാര്‍ ഗ്യാരന്റി കൂടി അധികമായി അനുവദിച്ചു. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാരിന്റെ പദ്ധതി നടത്തിപ്പിലൂടെയും വായ്പാ വിതരണത്തിലൂടെയും 3023 പേര്‍ക്ക് 79.31 കോടി രൂപയുടെ വിവിധ രീതിയിലുള്ള സേവനമെത്തിക്കാന്‍ വനിതാ വികസന കോര്‍പറേഷന് സാധിച്ചു. ഇതിനായി 44 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന മിത്ര 181 ഹെല്‍പ് ലൈന്‍ ആരംഭിച്ചു..
അങ്കണവാടികളില്‍ മികച്ച സേവനം ഉറപ്പാക്കുന്നതിനായി സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനതല സോഷ്യല്‍ ഓഡിറ്റ് സാധ്യമാക്കി.
സമഗ്ര ശിശുവികസന പരിപാടിയുടെ ഭാഗമായി അങ്കണവാടികളുടെ ശാക്തീകരണം ലക്ഷ്യമാക്കി കേരളത്തിലെ തെരഞ്ഞെടുത്ത ഐ.സി.ഡി.എസ്. ബ്ലോക്കുകളില്‍ മാതൃകാ അങ്കണവാടികള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കുന്ന തരത്തിലാണ് ഓരോ അങ്കണവാടിയും പുതുതായി നിര്‍മിക്കുന്നത്. ഇതിനായി അതത് പഞ്ചായത്തിന്റേയും മറ്റ് സന്നദ്ധ സംഘടനകളുടേയും സഹായത്തോടെയാണ് സ്ഥലം ഒരുക്കുന്നത്. 10 സെന്റ് സ്ഥലമാണ് അങ്കണവാടികള്‍ നിര്‍മിക്കുന്നതിന് ശുപാര്‍ശ ചെയ്യുന്നതെങ്കിലും മൂന്ന് സെന്റ്, അഞ്ച് സെന്റ്, ഏഴര സെന്റ് സ്ഥലത്തും കുട്ടികള്‍ക്ക് പഠിക്കുന്നതിനും കളിക്കുന്നതിനുമാവശ്യമായ സുരക്ഷിത അന്തരീക്ഷത്തോടെയാണ് അങ്കണവാടികള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.
അന്യ സംസ്ഥാന തൊഴിലാളികള്‍ക്കായി മൊബൈല്‍ ക്രഷ്
അന്യ സംസ്ഥാന തൊഴിലാളികളുടെ കുട്ടികളെ പകല്‍ സമയത്ത് പരിപാലിക്കുന്നതിനായി സംസ്ഥാനത്ത് എറണാകുളം ജില്ലയില്‍ മൊബൈല്‍ ക്രഷ് സംവിധാനം ആരംഭിച്ചു. 13 ജില്ലകളില്‍ കൂടി പദ്ധതി ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു.
അട്ടപ്പാടിയില്‍ ‘ആദ്യ 1000 ദിനങ്ങള്‍’ പദ്ധതി
അട്ടപ്പാടിയിലെ ശിശുമരണനിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ശക്തമായ ഇടപെടലുകള്‍ നടത്തി. കുട്ടികളുടെ വളര്‍ച്ചയ്ക്കും വികാസത്തിനും വേണ്ടി അട്ടപ്പാടിയില്‍ ആദ്യ 1000 ദിനങ്ങള്‍ പദ്ധതി ആരംഭിച്ചു. കുട്ടികളുടെ പരിരക്ഷയും സംരക്ഷണവും ഉത്തമമായ വളര്‍ച്ചയും ഉറപ്പുവരുത്തുന്ന ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍സ് പദ്ധതി സംസ്ഥാനത്തെ 304 സ്‌കൂളുകളില്‍ നടപ്പാക്കി വരുന്നു.
ശരണബാല്യം
ബാലവേല, ബാലഭിക്ഷാടനം എന്നിവ പ്രതിരോധിക്കുന്നതിനായി ശരണബാല്യം പദ്ധതി സംസ്ഥാന വ്യാപകമാക്കി.

ശ്രീമതി. കെ. കെ. ശൈലജ ടീച്ചർ

ആരോഗ്യം, സാമൂഹികനീതി

എന്റെ കൂട്

നഗരങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിത താവളങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ‘എന്റെ കൂട്’ പദ്ധതി ആരംഭിച്ചു. നഗരത്തില്‍ നിരാലംബരായി എത്തിച്ചേരുന്ന നിര്‍ധനരായ വനിതകള്‍ക്കും കൂടെയുള്ള 12 വയസുവരെയുള്ള കുട്ടികള്‍ക്കും വൈകിട്ട് 5 മുതല്‍ രാവിലെ 7 വരെ സുരക്ഷിതമായ വിശ്രമം തികച്ചും സൗജന്യമായി നല്‍കുന്നതാണ് എന്റെ കൂട് പദ്ധതി.

 ആരോഗ്യലക്ഷ്യം ലോകോത്തരം; സമീപനം നൂതനം

 

രോഗമാണ് ഇന്നു കേരളീയരുടെ ഏറ്റവും വലിയ ഭയം. രോഗചികിത്സ ഭയാനകമായ പേടിസ്വപ്നവും. ഇവയ്ക്കുരണ്ടിനും പരിഹാരമാകുകയാണ്. കുറഞ്ഞ ചെലവിലും ഗുണമേന്മയിലും സാർവ്വത്രികമായി ചികിത്സ; ഒപ്പം, സമ്പൂർണ്ണരോഗപ്രതിരോധവും. അധികം വൈകാതെ ഇവരണ്ടും കേരളത്തിൽ സംഭവിക്കാൻ പോകുകയാണ്. ഇവയിലൂടെ രോഗം ഇല്ലാത്ത അവസ്ഥ സൃഷ്ടിക്കുക എന്നിടത്ത് അവസാനിക്കുന്നില്ല എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യം. ശാരീരികവും മാനസികവും സാമൂഹികവുമായ സുസ്ഥിതി എന്ന ആരോഗ്യത്തിന്റെ ശ്രേഷ്ഠനിർവ്വചനം യാഥാർത്ഥ്യമാക്കാനുള്ള ദീർഘകാലപദ്ധതിക്കും ആദ്യവർഷംതന്നെ സർക്കാർ തുടക്കം കുറിച്ചിരിക്കുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ മാതൃകയിലാണു ലക്ഷ്യങ്ങൾ നിർവ്വചിച്ചിരിക്കുന്നത്.

ലക്ഷ്യങ്ങൾ വലുതാണ്. നല്ല ആരോഗ്യശീലങ്ങളിലേക്കു സമൂഹത്തെ പരിവർത്തിപ്പിക്കുക, പ്രാഥമികാരോഗ്യശൃംഖല മെച്ചപ്പെടുത്തിയും വിവരസാങ്കേതികവിദ്യയിലൂടെ ആരോഗ്യസംവിധാനങ്ങൾ ഏകോപിപ്പിച്ചും ഓരോ ആളുടെയും ശരീരസ്ഥിതി നിരന്തരം നിരീക്ഷിക്കുക, അതിന്റെ അടിസ്ഥാനത്തിൽ ഫലപ്രദമായ ആരോഗ്യരക്ഷാപ്രവർത്തനങ്ങൾ വ്യക്തികേന്ദ്രിതമായി നടപ്പാക്കുക. നിങ്ങൾ സംസ്ഥാനത്തെ ഏതു സർക്കാരാശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയാലും വിവിധ പരിശോധനാഫലങ്ങളടക്കം നിങ്ങളുടെ എല്ലാ ആരോഗ്യവിവരങ്ങളും ആ ആശുപത്രിയിലെ ഡോക്ടറുടെ കമ്പ്യൂട്ടറിൽ ലഭ്യമാകുന്നതിലെ സൗകര്യം ഒന്ന് ആലോചിച്ചുനോക്കൂ. താങ്കൾ ഓരോ സമയത്തും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, നടത്തേണ്ട പരിശോധനകൾ, എടുക്കേണ്ട ചികിത്സകൾ എന്നിവ ഫോണിലൂടെ അപ്പപ്പോൾ സന്ദേശങ്ങളായി എത്തുന്നതിന്റെ മെച്ചം ഒന്നു ചിന്തിക്കൂ. അതിനൊക്കെയുള്ള ഒരുക്കങ്ങൾ അതിവേഗം മുന്നോട്ടു പോകുകയാണ്.

സർക്കാരിന്റെ ആരോഗ്യസംവിധാനങ്ങൾ ജനപ്രിയവും സജീവവും സേവനനിരതവും ആക്കാനുള്ള ‘ആർദ്രം മിഷൻ’ ലക്ഷ്യം നേടുന്നതോടെ ആരോഗ്യരംഗത്തു വിസ്മയകരമായ മാറ്റമാകും സംഭവിക്കുക. ഇതൊക്കെ ജനപങ്കാളിത്തത്തോടെ എത്രയും വേഗം സാക്ഷാത്ക്കരിക്കാനാണു മിഷൻ മോഡിൽ പ്രവർത്തനം സംഘടിപ്പിച്ചിരിക്കുന്നത്. ഈ നൂതനമായ സമീപനം രാജ്യത്തിനും ലോകത്തിനുതന്നെയും മാതൃകയാകാൻപോകുകയാണ്. ഇതൊക്കെ പുതിയ കാഴ്ചപ്പാടുകളാണ്. ഇത്തരത്തിൽ ആധുനികവും ജനകീയവുമായ ഒരുപിടി ശാസ്ത്രീയസമീപനങ്ങൾ മുന്നോട്ടുവക്കുന്ന സമഗ്രമായ ആരോഗ്യനയവും ഏതാണ്ടു പൂർത്തിയായിക്കഴിഞ്ഞു.

വിവിധ ഇൻഷ്വറൻസ് പരിപാടികളും ധനസഹായ പരിപാടികളും സംയോജിപ്പിച്ചു സമഗ്ര ആരോഗ്യപരിരക്ഷ ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങൾ മുന്നേറുന്നു. എല്ലാ രോഗങ്ങൾക്കും സൗജന്യചികിത്സ പൊതുസംവിധാനത്തിലൂടെ ലഭ്യമാക്കാനുള്ള ശ്രമവും ആരംഭിച്ചു. ചികിത്സിച്ചിട്ടും മാറാത്ത രോഗങ്ങൾക്കും പ്രായാധിക്യംകൊണ്ടു കിടപ്പിലായവർക്കും സാന്ത്വനപരിചരണവും നൽകണം. ചുരുക്കത്തിൽ കേരളത്തിന്റെ ആരോഗ്യവികസനം എന്നത് പൊതു ആരോഗ്യസംവിധാനം, രോഗപ്രതിരോധം, ചികിത്സ, സാന്ത്വനപരിചരണം എന്നിങ്ങനെ ഒരു തുടർച്ചയായി മാറും.

അതോടൊപ്പം, ആരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുകയും ആധുനികമാക്കുകയും ചെയ്യാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സർക്കാർവക മെഡിക്കൽ കോളെജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ എന്നിവയുടെ നവീകരണം കാര്യമായി മുന്നോട്ടുപോയിക്കഴിഞ്ഞു. ആവശ്യാനുസരണം ഡോക്ടര്‍മാരെയും നേഴ്സുമാരെയും മറ്റു ജീവനക്കാരെയും നിയമിച്ചു. ഉള്ളവരുടെ സേവനം ഫലപ്രദമായി ക്രമീകരിച്ചു.

ഈ രംഗത്തെ ലക്ഷ്യമെല്ലാം ഒറ്റയടിക്കു കൈവരിക്കാവുന്നവയല്ല. എന്നാൽ ആദ്യവർഷംതന്നെ ഇതിന്റെയെല്ലാം അടിത്തറ ഉറപ്പിച്ചിരിക്കുന്നു. വളരെയേറെ ചുവടുകൾ മുന്നോട്ടു പോയിരിക്കുന്നു.

ആരോഗ്യവിദ്യാഭ്യാസരംഗത്തും ഫലപ്രദമായി ഇടപെടുകയാണു സർക്കാർ. സംസ്ഥാനത്ത് മെഡിക്കൽ പ്രവേശനത്തിൽ സാമൂഹികനീതി ഉറപ്പാക്കാൻ കർശനനടപടി എടുത്തു. സ്വാശ്രയകോളേജുകളിലെ തലവരി തടയാനും മെറിറ്റ് ഉറപ്പാക്കാനുമുള്ള ധീരമായ ചുവടുവയ്പുകൾ നടത്തി. ഈ രംഗത്തെ അനീതികളും അഴിമതിയും തടയാനുള്ള ഈ സർക്കാരിന്റെ ഇടപെടലുകളുടെ തുടക്കമാണിത്.

ആയുർവേദത്തിനു രോഗചികിത്സ, രോഗപ്രതിരോധം തുടങ്ങിയ രംഗങ്ങളിൽ അതിനു സ്വീകാര്യത നേടാൻ അതിനെ തെളിവധിഷ്ഠിതമായി ശാസ്ത്രീയമായി വികസിപ്പിക്കണം. മരുന്നുകൾ സ്റ്റാൻഡേർഡൈസ് ചെയ്യണം. ആധുനിക ബയോടെക്‌നോളജിയുമായി ആയുർവേദത്തെ ബന്ധപ്പെടുത്തി അന്താരാഷ്ട്രനിലവാരമുള്ള ഗവേഷണങ്ങൾ നടത്തണം. ഇതിനെല്ലാം ബൃഹത്തായ ലബോറട്ടറിയും പഠനകേന്ദ്രവും സ്ഥാപിക്കുകയാണ്.

ഇത്തരത്തിൽ എക്കാലത്തേക്കുമുള്ള അടിസ്ഥാനമാറ്റങ്ങളാണ് ആരോഗ്യവകുപ്പു ലക്ഷ്യമിടുന്നത്. ഈ വലിയ ലക്ഷ്യങ്ങൾക്കായി കൃത്യവും വ്യക്തവുമായ കാഴ്ചപ്പാടോടെയുള്ള പ്രവർത്തനങ്ങളാണു നടത്തിക്കൊണ്ടിരിക്കുന്നത്.

 

ബാങ്ക് 2017 -ൽ തുടങ്ങുവാൻ ഉദ്ദേശിക്കുന്നു.

Skip to content