വനം, മൃഗസംരക്ഷണം, ക്ഷീരവികസനം

കെ. രാജു- വനം, മൃഗസംരക്ഷണം, ക്ഷീരവികസനം മന്ത്രി
 
പരിസ്ഥിതി സൗഹാര്‍ദ്ദ ഭരണ മാതൃക
 
പരിസ്ഥിതിയുടെയും ജൈവ സമ്പത്തിന്റെയും മൂല്യം ഉള്‍ക്കൊണ്ടുള്ള സമഗ്ര നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കുന്നതിന് അത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മേഖലകളില്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനായി ആദ്യഘട്ടമായി വിവരശേഖരണത്തിന് തുടക്കമിട്ടു.  ക്ഷീരസഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനും നടപടിയായി. സംസ്ഥാനത്തെ പാലുല്‍പ്പാദനം വര്‍ധിപ്പിക്കാനും ഗുണമേന്മ ഉറപ്പാക്കാനുമുള്ള സത്വര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു.   
 
ശരിയായ തുടക്കം
 
 • സന്ദര്‍ശക സുരക്ഷയ്ക്കായി വനാശ്രിത സമൂഹത്തില്‍ നിന്നുള്ള 100 യുവാക്കള്‍ക്ക് ഇക്കോ ടൂറിസം ഗൈഡുകളായി പരിശീലനം.
 • മനുഷ്യ- വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനായി വയനാട്, മൂന്നാര്‍ മേഖലകളില്‍ എസ്.എം.എസ്. അലര്‍ട്ട് സംവിധാനം വഴി വിവര ശേഖരണം.
 • കാസര്‍കോട് ജില്ലയില്‍ പ്രകൃതിപഠന കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു.
 •  കറവയന്ത്രം സ്ഥാപിക്കുന്നതിന് 25,000 രൂപ സഹായം നല്‍കുന്ന പദ്ധതിക്ക് ഭരണാനുമതി. 1.74 കോടി വകയിരുത്തി.
 • മൃഗസംരക്ഷണ വകുപ്പ് പാലക്കാട്, കാസര്‍കോട് ജില്ലാ പഞ്ചായത്തുകളുമായി സഹകരിച്ച് തെരുവുനായ വംശവര്‍ധന നിയന്ത്രിണ പദ്ധതിക്ക് തുടക്കം കുറിച്ചു.
 • പാലുത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുകയെന്ന ലക്ഷ്യത്തിനായുള്ള കര്‍മപദ്ധതിക്ക് തുടക്കം.
 • പാല്‍ ഗുണമേന്മ പരിശോധന ശക്തമാക്കി. തീറ്റപ്പുല്‍കൃഷി വികസന പദ്ധതിക്ക് അഞ്ചു കോടി വകയിരുത്തി. ക്ഷീര സംഘങ്ങളുടെ ആധുനികവത്കരണത്തിനായി 19.50 കോടി രൂപയുടെ പദ്ധതികള്‍ ആരംഭിച്ചു. 
 • അര്‍ഹതയുള്ള മുഴുവന്‍ കര്‍ഷകര്‍ക്കും ക്ഷീരകര്‍ഷക ക്ഷേമനിധിയില്‍ നിന്നും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള വിവിധ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചു.
ശരിയായ ലക്ഷ്യം
 
 • വനത്തിനുള്ളിലെ നദികളില്‍ പ്രത്യേകിച്ച് കുളത്തൂപുഴ നദിയില്‍ ചോഴിയക്കോട്, മില്‍പ്പാലം എന്നീ സ്ഥലങ്ങളില്‍  വന്‍ മണല്‍ ശേഖരമുണ്ട്. പരിസ്ഥിതിക്ക് കോട്ടം വരുത്താതെ ഇത് ശേഖരിച്ച് ഭവന നിര്‍മാണത്തിനായി മണല്‍ ഡിപ്പോ വഴി വിപണനം ചെയ്യും. കലവറ എന്ന പേര് നല്‍കി നാല് കേന്ദ്രങ്ങളില്‍ വിപണനം തുടങ്ങും.
 • തൃശൂര്‍ മൃഗശാല വിസ്തൃതമാക്കി സുവോളജിക്കല്‍ പാര്‍ക്ക് സ്ഥാപിക്കുന്ന പദ്ധതി ആരംഭിക്കും.
 • ആയിരത്തോളം തിരഞ്ഞെടുത്ത വനാശ്രിത കുടുംബങ്ങള്‍ക്ക് എല്‍.പി.ജി കണക്ഷന്‍ നല്‍കുന്നതിന് നടപടി. വനംവകുപ്പ് ആസ്ഥാനത്ത് ഹെറിട്ടേജ് മ്യൂസിയം സ്ഥാപിക്കുന്ന പദ്ധതി നടപ്പാക്കും.
 • തലമുറകളായി ആദിവാസികള്‍ നട്ടുവളര്‍ത്തിയതോ പരിപാലിക്കുന്നതോ ആയ മരങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കിയും മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മുറിച്ച് ഉപയോഗിക്കാന്‍ റെയിഞ്ച് ഓഫീസര്‍മാരെ അധികാരപ്പെടുത്തിയും വിജ്ഞാപനം പുറപ്പെടുവിക്കും.
 • നിലമ്പൂര്‍ തേക്കും ചന്ദനവും ഉള്‍പ്പെടെ വനം വകുപ്പ് ഓരോ വര്‍ഷവും 300 കോടിയുടെ വനോത്പന്നങ്ങള്‍ ശേഖരിച്ച് വില്‍പ്പന നടത്തുന്നുണ്ട്. ഈ വര്‍ഷം 300 ഓളം ഇ- ലേലങ്ങളിലൂടെ 300 കോടി രൂപയോളം ഉത്പന്നങ്ങള്‍ വില്‍പന നടത്തും.
 • 25 പുതിയ ഫോറസ്റ്റ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളെ സഹകരണത്തോടെ ആയിരം ഫോറസ്ട്രി ക്ലബുകള്‍ രൂപീകരിക്കും.
 • 40,000 കുട്ടികള്‍ക്ക് പ്രകൃതി സംരക്ഷണ അവബോധം നല്‍കും. വനം വകുപ്പും പുരാവസ്തു വകുപ്പും സംയുക്തമായി പത്തനംതിട്ട കോന്നിയില്‍ ജില്ലാ ഹെറിറ്റേജ് മ്യൂസിയം സ്ഥാപിക്കും.
 • അഞ്ചില്‍ കൂടുതല്‍ പശുക്കളുള്ള കര്‍ഷകര്‍ക്ക് കറവയന്ത്രത്തിന് ധനസഹായം നല്‍കും. തിരുവനന്തപുരത്ത് കുടപ്പനക്കുന്നില്‍ അത്യാധുനിക രോഗനിര്‍ണയ സംവിധാനങ്ങളുള്ള മള്‍ട്ടിസ്‌പെഷ്യാലിറ്റി വെറ്ററിനിറി ആശുപത്രി സജ്ജമാക്കും.
 • കൊല്ലം കുര്യോട്ടുമലയില്‍ ആധുനിക സങ്കേതങ്ങളുള്ള ഹൈടെക്ക് ഫാമും പത്തനംതിട്ട തിരുവല്ല-മഞ്ചാടിയില്‍ നവീന  വളര്‍ത്തല്‍ പരിശീലന കേന്ദ്രവും സജ്ജമാക്കും.
 • പാലിന്റെ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് 8,000 ഉരുക്കളെ വിതരണം ചെയ്യുന്നതോടൊപ്പം കര്‍ഷകര്‍ക്ക് ആവശ്യാധിഷ്ഠിത സഹായം, കാലിത്തൊഴുത്ത് നിര്‍മാണ ധനസഹായം എന്നിവ നല്‍കും. ക്ഷീരകര്‍ഷക ക്ഷേമനിധി പെന്‍ഷന്‍, കുടുംബ പെന്‍ഷനുകള്‍ എന്നിവ വര്‍ധിപ്പിക്കും.
 • കൊല്ലം ഏരൂര്‍ പഞ്ചായത്തില്‍ ക്ഷീര സംരംഭകത്വ പരിശീലന കേന്ദ്രം ആരംഭിക്കും. ഓച്ചിറ ക്ഷീരപരിശീലന കേന്ദ്രത്തില്‍ പുതിയ കെട്ടിടം. ആലപ്പുഴ പട്ടണക്കാട് വനിത പാലുല്‍പന്ന നിര്‍മാണ സംഭരണ കേന്ദ്രം ആധുനികവത്കരിക്കുന്നതോടൊപ്പം കാസര്‍കോട്, കോട്ടയം റിജിയണല്‍ ഡയറി ലാബുകളുടെ പ്രവര്‍ത്തനമാരംഭിക്കും.
 • തിരുവനന്തപുരം മൃഗശാലയില്‍ ഇല്ലാത്ത ഏഷ്യാട്ടിക്ക് ലയണ്‍, കഴുതപ്പുലി എന്നിവയെ ലഭ്യമാക്കും. ഇവിടത്തെ അക്വേറിയം ആകര്‍ഷണീയമാക്കും. സന്ദര്‍ശകര്‍ക്ക് മൂന്ന് ബാറ്ററി കാറുകള്‍ ലഭ്യമാക്കും. അജൈവ മാലിന്യങ്ങള്‍ സംസ്‌കരണത്തിന് ഇന്‍സിനേറ്റര്‍ സ്ഥാപിക്കും.